Chapter 2 - രണ്ട്

ട്രെയിൻ അരമണിക്കൂർ താമസിച്ച് 11:15 ആയപ്പോൾ ആലപ്പുഴയിൽ എത്തി. അവൾ ബാഗും സാധനങ്ങളും എടുത്ത് എൻട്രൻസിലേക് നടന്നു. അപർണ വന്ന ട്രെയിനിൽ നിന്നും, ചണ്ഡിഗറിൽ നിന്ന് വന്ന കേരള സമ്പർക് ക്രാന്തി സൂപ്പർഫാസ്റ്റിൽ നിന്നും ഇറങ്ങുന്ന ആളുകളും, ഇനി വരാൻ ഇരിക്കുന്ന ട്രിവാൻഡ്രം രാജാഥനിയിലും, പോർബന്ധർ എക്സ്പ്രസിലും കയറാനായി മണിക്കൂറുകൾ മുമ്പ് വന്നിരിക്കുന്ന ശരാശരി ദേശി ഫാമിലികളാൽ തിങ്ങിനിറഞ്ഞിരിക്കുകയാണ് ആലപ്പുഴ റെയിൽവേ സ്റ്റേഷൻ.

വളരെ സാഹസികമായി അവൾ സ്റ്റേഷന്റെ എൻട്രൺസിലേക്കെത്തി. അവൾ ഫോൺ എടുത്ത് അമ്മായിടെ മോനായ അർജുനെ വിളിച്ചു.

അപർണ ജോലിക്കായി ശ്രമിക്കാൻ തുടങ്ങിയപ്പോൾ അമ്മയാണ് കേരളത്തിൽ ജോലി ചെയ്തൂടെ എന്നു നിർദേശിച്ചത്. അവൾ ആദ്യമായിയാണ് അമ്മ കേരളത്തെ പറ്റി പറയുന്നത് കേൾക്കുന്നത്. കേരളത്തിൽ ഉള്ള ബന്ധുക്കാരോടൊന്നും അമ്മക്ക് കോൺടാക്ട്സ് ഇല്ലായിരുന്നു. പിന്നെ എന്താ ഇത്ര പെട്ടെന്ന് ഇങ്ങനെ തോന്നിയത് എന്ന് അവൾ അമ്മയോട് ചോദിച്ചപ്പോൾ "എന്തൊക്കെ പറഞ്ഞാലും കുടുംബം അല്ലേ. നീ അവരുടെ കൂടെ താമസിക്കുകയൊന്നും വേണ്ട. എന്നാലും ആദ്യമായി ഒരു സ്ഥലത്ത് പോവുകയല്ലേ. ആരെങ്കിലുമൊക്കെ സഹായത്തിനുള്ളത് നല്ലതാ". ആരെങ്കിലും എന്ന് അമ്മ ഉദ്ദേശിച്ചത് അമ്മയുടെ അനിയനെയും കുടുംബത്തെയുമാണ്. ദേവി അമ്മായിയും, സുരേഷ് അമ്മാവനും മകൻ അർജുനും അമ്മയുടെ തറവാട്ടിൽ തന്നെയാണ് താമസിക്കുന്നത് എന്ന് അമ്മ പറഞ്ഞിരുന്നു. അമ്മമ്മയും അപ്പൂപ്പനും ഇപ്പോൾ ഇല്ല. വർഷങ്ങൾക്കു ശേഷം അമ്മ ദേവി അമ്മായിയെ വിളിച്ചു സംസാരിച്ചു. ഏറെ നേരത്തെ കരച്ചിൽ അവസാനിച്ചപ്പോൾ അമ്മ വിഷയം അവതരിപ്പിച്ചു, "അപ്പുവിന്റെ പടുത്തം ഒക്കെ കഴിഞ്ഞു. ആലപ്പുഴയിൽ ഒരു പ്രൈവറ്റ് സ്കൂളിൽ ഇംഗ്ലീഷ് ടീച്ചറായി ജോലി കിട്ടിയിട്ടുണ്ട്. നിങ്ങൾ ഒക്കെ അവിടുള്ളപ്പോൾ..". പക്ഷേ അവൾ മാറി താമസിക്കുന്നത് ശെരിയല്ല, തറവാട്ടിൽ തന്നെ നിന്നാൽ മതിയെന്ന് അമ്മായി ഉറപ്പിച്ചുപറഞ്ഞതിനാൽ അപർണ ഇനി അവിടെയാണ്.

"അപ്പു ചേച്ചി, ഓൺ യുവർ ലെഫ്റ്റ്" അവൾ തിരിഞ്ഞുനോക്കിയതും അർജുനെ കണ്ടു. അമ്മായി പറഞ്ഞതനുസരിച്ച് ഇവനെയും വീട്ടിൽ വിളിക്കുന്നത് അപ്പു എന്നാണ്. അല്ലെങ്കിലും അമ്മു അപ്പു കഴിഞ്ഞിട്ടല്ലേ ഒള്ളു മറ്റെന്തും.

"ഹലോ ചേച്ചി, എങ്ങനെയുണ്ടായിരുന്നു യാത്ര " അവളുടെ കയ്യിലിരുന്ന ട്രോളി ബാഗ് തന്റെ കയ്യിലെക്കെടുത്തുകൊണ്ട് അവൻ ചോദിച്ചു.

"വാസ് ഓക്കെ " അവൾ ചിരിച്ചുകൊണ്ട് മറുപടി കൊടുത്ത്. കിട്ടിയ വിവരമനുസരിച് അർജുൻ പ്ലസ് ടു കഴിഞ്ഞു ഇനി എന്ത് ചെയ്യണമെന്നറിയാതെ കൺഫ്യൂഷൻ അടിച്ചു നിൽക്കുന്ന ഒരു പയ്യനാണ്.

അവർ രണ്ട് പേരും കൂടി ബാഗുകൾ കാറിന്റെ ബൂട്ടിൽ വെച്ച്, യാത്ര ആരംഭിച്ചു.