ജീവിതത്തിലെ വസന്തമായ യൗവനത്തിലെ ആദ്യ ഭാഗങ്ങൾ ചിലവഴിച്ച തെരുവിലൂടെ വീണ്ടും നടക്കുമ്പോൾ മനസ്സ് ശൂന്യമായിരുന്നു. വർഷങ്ങൾക്ക് ശേഷമൊരു തിരിച്ചുവരവ് നിളയൊരിക്കലും പ്രതീക്ഷിച്ചിരുന്നില്ല.
അച്ഛനമ്മമാരുടെ സർക്കാർ ജോലി മൂലം നഗരങ്ങളിൽ നിന്ന് നഗരങ്ങളിലേക്ക് ചേക്കേറി തീർത്ത ബാല്യക്കാലത്തിന് ഉടമയായിരുന്നത് കൊണ്ടാകാം ഡിഗ്രിക്ക് ടാഗോറിൻ്റെ നാട്ടിൽ കിട്ടിയപ്പോൾ ഒരു മടിയും കൂടാതെ അവിടെ ചേർന്നതും.
വലിയ ഹോംസിക്ക്നസ്സ് ഒക്കെ പ്രതീക്ഷിച്ചാണ് ഹോസ്റ്റലിൽ കയറിയത് പക്ഷെ എന്തോ വല്ലാത്തൊരു ശാന്തത മാത്രമാണ് അനുഭവപ്പെട്ടത്. പിന്നെ സഹമുറിയത്തികൾ നല്ല തലതെറിച്ച പിള്ളേര് കൂടി ആയപ്പോൾ ഒരു പരിധി വരെ ആ കാര്യത്തിൽ തീരുമാനമായി.
പ്രിയ യാദവ് ഉത്തർപ്രദേശ്ക്കാരിയായിരുന്നു ബി എസ് സി സൈക്കോളജി എടുത്ത് പാരാസൈക്കോളജിസ്റ്റ് ആവാൻ വന്നവൾ. പായൽ ജോഷി ബി എ എകണോമിക്സ് പിന്നെ നിളയുടെ ക്ലാസ്സിൽ തന്നെ പഠിച്ചിരുന്ന നൊയൊന റായ് (എഴുതുക നയന എന്നാണെങ്കിലും ബംഗാളികൾക്ക് അത് ഓകാരമാണ്) കൽകത്ത ബാക്കി മൂന്നിനേയും കാണിക്കണ്ടത് തൻ്റെ ഉത്തരവാദിത്ത്വമായി അവൾ ഏറ്റെടുത്തു.
ഹോസ്റ്റലിലെ ഭക്ഷണം രുചി കൂടുതൽ കാരണം ഉപേക്ഷിച്ച് നിരാഹാരം കിടന്ന ഒരു രാത്രി "ഇന്ന് ഫുഡ് എൻ്റെ വക" എന്ന് പറഞ്ഞ് പോയ നൊയൊനയെ കാത്ത് മൂന്നും മേപ്പോട്ട് നോക്കി കിടന്നു.
പുറത്താണെങ്കിൽ നല്ല മഴ. വാർഡൻ്റെ മുന്നിൽ തല കുനിക്കാൻ വയ്യാത്തോണ്ട് മെസ്സിൽ ഇനിയിന്ന് പോവണ്ട എന്ന് നിളയും തീരുമാനിച്ചു.
"നിങ്ങക്ക് രണ്ടിനും ഒന്നും കഴിക്കണ്ടങ്കി വേണ്ട എനിക്ക് വിശക്കണൂ… എന്നെ മെസ്സിൽ ക്ക് വിട് പട്ടികളേ" എന്നും പറഞ്ഞ് പായൽ കാറി തുടങ്ങി. വൈകീട്ട് 6:30 ന് വരാം എന്നു പറഞ്ഞ മുതലിനെ 8:00 ആയിട്ടും കാണാനുണ്ടായിരുന്നില്ല.
നൊയൊനയുടെ അച്ഛനെ മൂന്നും കൂടി സ്മരിക്കും എന്നായപ്പോൾ വാതിലിൽ ഒരു മുട്ട്. " ഫുഡ്…!!" എന്നും പറഞ്ഞ് പായൽ വാതിൽ ചാടി തുറന്നു.
നനഞ്ഞ് കുളിച്ച പിടക്കോഴിയെ പോലെ ദേ നിൽക്കുന്നു നൊയൊന. കയ്യിലൊരു പൊതിയുമുണ്ട്.
പൊതി കണ്ടതും പായലിൻ്റെ സകല സംയമനവും കൈവിട്ടു. നനഞ്ഞ് കുതിർന്ന നൊയൊനയെയൊന്ന് നോക്കുക കൂടി ചെയ്യാതെ അവർ പൊതി മേടിച്ച് പണി തുടങ്ങി.
" പ്രിയങ്കയൊരു തോർത്തുമെടുത്ത് നൊയൊനയുടെ തല തോർത്താൻ തുടങ്ങി എന്ത് ചെയ്യണമെന്ന് അറിയാത്തോണ്ട് നിള പ്ലേറ്റുമെടുത്ത് തയ്യാറായി.
പൂരിയും ആലു ഭാജിയുമായിരുന്നു പൊതിയിൽ ഹായ് പൂരി എന്ന് പറഞ്ഞ് അത് വായിൽ വെച്ച പായലിൻ്റെ മുഖം മാറി.
മുഖഭാവം കണ്ട് നൊയൊന ചിരിക്കാൻ തുടങ്ങി: " മണ്ടി അത് ലുച്ചിയാണ് പൂരി പോലെ കാണാനെയുള്ളു അതിന് മധുരാണ്."
"ലുച്ചിയെങ്കിൽ ലുച്ചി നല്ല സാധനാ എന്തായാലും" തൻ്റെ ചമ്മൽ ഒളിപ്പിച്ച് ലുച്ചി ആസ്വദിച്ച് കൊണ്ട് പായൽ പറഞ്ഞു.
ലുച്ചിയും ആലുവും നല്ല രുചിയുള്ളതായി നിളയ്ക്കും തോന്നി. നാല് പേരും ആസ്വദിച്ച് കഴിച്ചു.
"അല്ല, ഇതിപ്പോ എവിടെന്നാ സംഘടിപ്പിച്ചേ?" നീ ഞങ്ങളെ പുറത്തോട്ട് കൊണ്ടോവും എന്നാ ഞാൻ കരുതിയെ." പ്രിയ പറഞ്ഞു.
"പിന്നേ വാർഡൻ എൻ്റെ അമ്മായിയല്ലെ. ഇന്നലെ രാത്രി മതില് ചാടിയല്ലെ ഞാൻ വന്നെ…"
"അതൊരു പുതുമയല്ലല്ലോ" പായൽ കളിയാക്കി.
"എന്നാൽ ഇന്നലെ അങ്ങനെയല്ല , ജാവേദ് ഹോസ്റ്റലിൻ്റെ ബാക്ക് ഗേറ്റിൻ്റെ അവിടെയാ ആക്കിയെ ഇന്നലെ. അവൻ പോയി കഴിഞ്ഞപ്പോഴാ ഞാൻ ആ സത്യം മനസ്സിലാക്കിയെ മതിലിന് ഉയരം കൂടുതലാ…"
" നന്നായി പോയി…" നിള ഊറി ചിരിച്ചു.
"മിണ്ടാതിരി. നീ പറ… എന്നിട്ട്." ആവേശം കേറിയ പായൽ നിളയെ ശകാരിച്ചു.
"എന്താ ചെയ്യാന്ന് വച്ച് നോക്കുമ്പോ ഒരു ശബ്ദം:
ഇത് വച്ച് കയറിയോളൂ.
തിരിഞ്ഞ് നോക്കിയപ്പോ എൻ്റെ ചേട്ടൻ്റെയൊക്കെ പ്രായം തോന്നിക്കുന്ന ഒരു മൂപ്പര് ഒരു മര കസേരയും പിടിച്ച് നിൽക്കുന്നു."
" ലുക്ക് ഇണ്ടാ…" പ്രിയ ചോദിച്ചു.
" അത്ര പോരാ ഒരു ബ്രദർലീ ടൈപ്പ്.
ഞാൻ ആളെ ഒരു നോട്ടം നോക്കി.
"ഫസ്റ്റിയറാണല്ലേ. ഞാൻ ബിസ്വാസ് മിത്ര ബിസ്വാസ് ഭാ എന്ന് വിളിക്കാം. ദേ ആ കാണുന്ന കട എൻ്റെയാ…"
അയാള് കൈ കാണിച്ചിടത്തേക്ക് നോക്കിയപ്പോഴാ അവിടെ അങ്ങനെയൊരു കടയുള്ളത് തന്നെ ഞാൻ കണ്ടെ
"മെസ്സ് കഴിഞ്ഞാ പിന്നെ എൻ്റെ ഈ കടയേ ഉള്ളൂ ഈ ഭാഗത്ത്." ബിസ്വാസ് കസേര താഴെ വച്ചു കൊണ്ട് പറഞ്ഞു.
"പിള്ളേര് ഇടയ്ക്ക് മതില് ചാടാൻ ഇവിടെ വരുന്നത് ഞാൻ കാണാറുണ്ട്. ഇവിടെ ഉയരം കൂടുതലാ . നിങ്ങടെ സീനിയേഴ്സ് കണ്ടു പിടിച്ചതാ ഈ പരിപാടി. എൻ്റെ ഈ കസേര. അതിന് പകരം ആഴ്ചയിൽ ഒരിക്കൽ എൻ്റെ കടയിൽ നിന്ന് ഭക്ഷണം. നിങ്ങൾക്ക് മതിലും ചാടാം എനിക്ക് കച്ചോടോം കിട്ടും.
"അപ്പൊ പിന്നെ ഞാൻ വിചാരിച്ചു ഇന്ന് അവിടന്ന് കഴിക്കാം ന്ന് പക്ഷെ ഈ നശിച്ച മഴ. അതോണ്ട് പാഴ്സലാക്കി."
"വൗവ് ലവ്ലി ഗയ്" പായൽ ആരാധനയോടെ പറഞ്ഞു.
"നാളത്തെ ഡിന്നർ അപ്പൊ അവിടന്ന്." പായൽ പ്രഖ്യാപിച്ചു.
"എന്താ… പ്രിയേ…. ബാക്കി മൂന്നും കൂടി പറഞ്ഞു.
" ആണൊരുത്തൻ ഹോസ്റ്റലിൻ്റെ തൊട്ട് പിന്നിൽ ഉണ്ടെന്ന് പറയുമ്പോ പിന്നെ.!!!"
കോളേജും ലൈബ്രറിയും പിന്നെ ബിസ്വാസ് ദായുടെ കടയിലെ ലുച്ചിയും ആലുവുമായി നിളയുടെ അദ്യ രണ്ട് മാസം കടന്ന് പോയി.